Latest Updates

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

Get Newsletter

Advertisement

PREVIOUS Choice